ചീമേനി: സ്ത്രീകളുടെ തൊഴില് നൈപുണ്യത്തിന് പുതിയ ദിശയും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് കരുത്തുമേകി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി. കയ്യൂര്-ചീമേനി പഞ്ചായത്തില് ദീപം സ്റ്റിച്ചിംഗ് ആന്ഡ് ക്രാഫ്റ്റ്സ് പ്രവര്ത്തനമാരംഭിച്ചു.
വനിതാ ഗ്രൂപ്പുകള്ക്ക് സ്വയംതൊഴില് അവസരങ്ങള് ഒരുക്കുന്നതിനും സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാര്ഷിക പദ്ധതിയുടെ ഭാഗമായാണ് സംരംഭം ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി നിര്വഹിച്ചു.
അഞ്ചുലക്ഷം രൂപ മുതല്മുടക്കില് ആരംഭിക്കുന്ന സംരംഭത്തിന് 75 ശതമാനം സബ്സിഡിയായി 3.75 ലക്ഷം രൂപ അനുവദിച്ചു. തയ്യല്, കരകൗശല മേഖലകളിലെ വനിതകളുടെ കഴിവുകള് പ്രയോജനപ്പെടുത്തി ഉത്പന്നങ്ങള് നിര്മിക്കുകയും അതിലൂടെ സ്ഥിരമായ വരുമാനമാര്ഗം കണ്ടെത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സംരംഭകരായ പി. രമയും അഞ്ജനയുമാണ് വനിതാ ഗ്രൂപ്പിന്റെ ഭാഗമായി ദീപം സ്റ്റിച്ചിംഗ് ആന്ഡ് ക്രാഫ്റ്റ്സ് എന്ന സംരംഭം തുടങ്ങിയത്. സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തില് തന്നെ സബ്സിഡി ലഭിക്കുന്നതിലൂടെ വിപണിയില് നേരിടേണ്ടിവരുന്ന സാമ്പത്തിക വെല്ലുവിളികള് നേരിടാന് സംരംഭകരെ സഹായിക്കുന്നു എന്ന് വ്യവസായ വികസന ഓഫിസര് അഭിന് മോഹന് പറഞ്ഞു.